'രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം'; പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശവുമായി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബിക്കാനീറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. “രാജ്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് രാജസ്ഥാന് നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വെച്ചു, മതം ചോദിച്ചു, സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. 140 കോടി ജനങ്ങളുടെ ഹൃദയങ്ങളെയാണ് വെടിയുണ്ടകള്‍ മുറിവേല്‍പ്പിച്ചത്,” പ്രധാനമന്ത്രി പറഞ്ഞു. “ഭീകരാക്രമണത്തിന് സായുധ സേന അതിവേഗം തിരിച്ചടി നല്കി. വെറും 22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാന് കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ലോകം കണ്ടു. എന്റെ സിരകളില്‍ തിളയ്ക്കുന്നത് രക്തമല്ല, സിന്ദൂരം ആണ്,” മോദി ആഞ്ഞടിച്ചു.